2013 നവംബർ 2, ശനിയാഴ്‌ച

"ഹൃദയത്തില്‍ നിന്നും അകന്നു പോകുന്ന പാട്ടുകള്‍ 


          ഒരു 'നൂറ്റാണ്ട്' എന്ന പുണ്യമായ മനുഷ്യായുസ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ , പൂര്‍ണ്ണതയ്ക്കും ഒരു അപൂര്‍ണ്ണത നല്‍കി നമ്മുടെ എല്ലാമായ രാഘവന്‍ മാസ്റ്ററും ഇപ്പോള്‍ നമ്മില്‍ നിന്നും വിട പറഞ്ഞിരിയ്ക്കുകയാണ്. ഒരു കാലഘട്ടത്തിന്‍റെ മഹത്തായ സംഗീതം കൂടിയാണ് നമുക്ക് നഷ്ടമായത്.സാധാരണക്കാരനായ ഒരു മനുഷ്യനായി ജീവിച്ച് ,ഉദാത്തമായ ഒരു സംഗീതം സൃഷ്ട്ടിച്ചു എന്നതാണ് മാസ്റ്ററുടെ മഹത്വം.വിട വാങ്ങിയതും, ഒട്ടും ആരവങ്ങള്‍ ഒന്നും ഇല്ലാതെ ആ മഹാത്മാവിനെ സ്നേഹിയ്ക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ സാമീപ്യത്തിലും.

       വയലാര്‍ -ദേവരാജന്‍ ശില്‍പ്പികള്‍ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന ഒരു പദവി ഭാസ്ക്കരന്‍ -രാഘവന്‍ ശില്‍പ്പികള്‍ക്ക് കൂടി നല്‍കാന്‍ ഇവിടെ പല ആളുകള്‍ക്കും മടിയാണ് [ ആസ്വാദകര്‍ക്ക് അല്ല ].അടിവരയിട്ട് ഒരു സത്യം പറയട്ടെ ,നമ്മുടെ മണ്ണിന്‍റെ മനസ്സ് ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ചു പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് പി.ഭാസ്ക്കരന്‍ - കെ.രാഘവന്‍ ശില്‍പ്പികള്‍ മാത്രമാണ്.ഒരു നല്ല കമ്പോസര്‍ എങ്ങനെ ആയിരിയ്ക്കണം എന്ന ഏറ്റവും നല്ല പാഠം രാഘവന്‍ മാസ്റ്ററില്‍ നിന്നും പഠിയ്ക്കാന്‍ കഴിയും.

     'കരിമുകില്‍ കാട്ടിലെ' എന്ന പാട്ടിന്‍റെ പിന്നണി സംഗീതവുമായി ബന്ധപ്പെട്ട് രാഘവന്‍ മാസ്റ്ററോട് സംസാരിച്ചതിന്‍റെ ഒരു അനുഭവം , ഒരിയ്ക്കല്‍ ഒരു പ്രഗത്ഭ സംഗീതഞ്ജന്‍ എന്നോട് പങ്കു വെയ്ക്കുകയുണ്ടായി.അതിലെ ഒരു ഓര്‍ക്കസ്ട്രയുടെ ബിറ്റ് താന്‍ ചെയ്തത് അല്ല , അത് പ്രഗത്ഭനായ മറ്റൊരു സംഗീതഞ്ജന്‍ അദ്ദേഹത്തിന്‍റെ മനോധര്‍മ്മം പോലെ ചെയ്തതാണ് എന്ന് പരസ്യമായി സമ്മതിയ്ക്കാനും , ആ പ്രതിഭയെ ആദരവോടെ പരാമര്‍ശിയ്ക്കാനും ഉള്ള വലിയ ഒരു മനസ്സ് മാസ്റ്റര്‍ കാണിച്ചു.നമ്മുടെ അപൂര്‍വ്വം ചില പഴയ കമ്പോസര്‍മാര്‍ക്ക് മാത്രം ഉള്ള ഒരു ക്വാളിറ്റി ആണ് ഇത്.

    ഇപ്പോഴത്തെ തലമുറ പഠിയ്ക്കേണ്ടത് ,ഈ ജീവിതവും സംഗീതവും ആണ്. ഇതൊന്നും അനുഭവിക്കാതെ പോകുന്ന വരുന്ന തലമുറയുടെ പാട്ടുകള്‍ തീര്‍ച്ചയായും നമ്മുടെ ഹൃദയത്തില്‍ സ്പര്‍ശിയ്ക്കാതെ തന്നെ കടന്നു പോകും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ