2013 നവംബർ 8, വെള്ളിയാഴ്‌ച


"അനുരാഗ ഗാനം പോലെ" ~ ചിത്രം: ഉദ്യോഗസ്ഥ (1967) /ഗാനരചന: യൂസഫലി കേച്ചേരി / സംഗീതം: ബാബുരാജ് / ആലാപനം: ജയചന്ദ്രന്‍ /റെക്കോര്‍ഡിംഗ് : കണ്ണന്‍ (രേവതി സ്റ്റുഡിയോ ,മദ്രാസ്) /ഓര്‍ക്കെസ്ട്ര ~ ഫ്ലൂട്ട് : ഗുണാ സിംഗ് , സിത്താര്‍ : ജനാര്‍ദ്ധന്‍ റാവു / റെക്കോര്‍ഡ്സ് :എച്ച്.എം.വി (ആര്‍.പി .ജി .സരിഗമ)

            "ഉദ്യോഗസ്ഥ എന്ന എന്‍റെ ആദ്യ ചിത്രത്തില്‍ ബാബുരാജ് സംഗീതം നല്‍കണം എന്നുള്ളത് എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.പി .ഭാസ്ക്കരനും ബാബുരാജും ആയിരുന്നു അന്നത്തെ ടീം.ഞാന്‍ അതില്‍ ചെറിയൊരു മാറ്റം വരുത്തി.ഉദ്യോഗസ്ഥയുടെ എല്ലാ മേഖലകളിലും പ്രഗത്ഭരായ കലാകാരന്‍മാരെ സഹകരിപ്പിച്ച ഞാന്‍ ഗാനരചനയ്ക്ക് മാത്രം അന്നൊരു തുടക്കക്കാരനായ യൂസഫലിയെ ഉപയോഗിച്ചു. ഈ ചുമതല ഭാസ്കരന്‍ മാഷിനു നല്‍കിക്കൂടെ എന്ന് പലരും എന്നോട് ചോദിച്ചു.പക്ഷെ യൂസഫലിയുടെ കഴിവില്‍ എനിയ്ക്ക് അത്ര മാത്രം വിശ്വാസം ഉണ്ടായിരുന്നു."അനുരാഗ ഗാനം പോലെ" ജനിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു.ശാന്താറാം എന്ന പ്രതിഭയുടെ "സ്ത്രീ" എന്ന ചിത്രം റിലീസ് ചെയ്ത കാലം ആയിരുന്നു അത്.അതില്‍ "കോന്‍ ഹോ തും" എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പാട്ടുണ്ട്.ഈ ഗാനം മനസ്സില്‍ വെച്ച് ഗാനം എഴുതണം എന്ന് ഞാന്‍ യൂസഫലിയോട് പറഞ്ഞു.പിറ്റേ ദിവസം പുലര്‍ച്ചെ യൂസഫലി " അനുരാഗ ഗാനം പോലെ ആരു നീ ആരു നീ ദേവതേ " എന്ന അനശ്വര ഗാനവുമായി എന്‍റെ മുന്നിലെത്തി.1966 വിജയദശമി ദിവസം മദിരാശിയിലെ രേവതി സ്റ്റുഡിയോയില്‍ ആയിരുന്നു റെക്കോര്‍ഡിംഗ്.മലയാള സിനിമയ്ക്ക്‌ അനശ്വരങ്ങളായ ഒരു പാട് ഗാനങ്ങള്‍ റെക്കോര്‍ഡു ചെയ്ത പ്രശസ്തനായ കണ്ണന്‍ ആയിരുന്നു എന്‍ജിനീയര്‍. "അനുരാഗ ഗാനം"യുവ ഗായകനായ ജയചന്ദ്രന്‍ പാടി.എത്ര പ്രതിബന്ധങ്ങള്‍ നേരിട്ടാലും ജയചന്ദ്രന്‍ തന്നെ ഈ പാട്ട് പാടണം എന്ന് വാഗ്ദാനം നല്‍കിയിരുന്നതിനാല്‍ അദ്ദേഹം തന്നെ പാട്ട് പാടി. 14 ടെക്കുകള്‍ എടുത്തു. പതിനാലാമത്തെ ടെക്കില്‍ മനസ്സില്ലാ മനസ്സോടെ ബാബുരാജ് ഓ ക്കെ പറഞ്ഞു."അനുരാഗ ഗാനം" എക്കാലത്തെയും ഹിറ്റായി മാറിയത് പില്‍ക്കാല ചരിത്രം " ~ വേണു (ചിത്രത്തിന്‍റെ സംവിധായകനായിരുന്ന യശ:ശരീരനായ പ്രതിഭ).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ